Wednesday, July 16, 2014

സൂപ്പര്‍ ക്ളാസ് ദേശസാത്കരണം റദ്ദാക്കാന്‍ നീക്കം

സൂപ്പര്‍ ക്ളാസ് ദേശസാത്കരണം റദ്ദാക്കാന്‍ നീക്കം




തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പര്‍ ക്ളാസ് ബസ് സര്‍വീസുകള്‍ ദേശസാത്കരിച്ച നടപടി റദ്ദാക്കാന്‍ ഗതാഗതവകുപ്പ് നീക്കംതുടങ്ങി. ഇത് സംബന്ധിച്ച ഉത്തരവ് ഏതു നിമിഷവും പുറത്തുവരുമെന്നാണ് ഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ദേശസാത്കരണം സംബന്ധിച്ച നയം സര്‍ക്കാര്‍ മാറ്റുന്നെന്നും അതിനാല്‍ സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ക്ളാസ് പെര്‍മിറ്റ് നല്‍കണമെന്നുമുള്ള ബസുടമകളുടെ ആവശ്യത്തിന് ഹൈകോടതിയില്‍ പിന്‍ബലം നല്‍കുകയാണ് ഉത്തരവിന്‍െറ ലക്ഷ്യം. ദേശസാത്കരണം സംബന്ധിച്ച കേസ് അടുത്തദിവസം തന്നെ ഹൈകോടതി പരിഗണിക്കുന്നുണ്ട്. സ്വകാര്യ സൂപ്പര്‍ ക്ളാസുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കുന്നത് സാവകാശം മതിയെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചാണ് ഗതാഗത വകുപ്പ് സ്വകാര്യ ബസുടമകളുമായി ഒത്തുകളി തുടങ്ങിയത്. അതിനിടെ ദേശസാത്്കരണം പിന്‍വലിക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ നാശത്തിന് ഇടയാക്കുമെന്നതിനാല്‍ മന്ത്രിസഭയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കി. അനധികൃത സര്‍വീസ് നടത്തുന്ന സ്വകാര്യ സൂപ്പര്‍ക്ളാസുകളെ സഹായിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് സംഘടന ചൊവ്വാഴ്ച കോട്ടയം ആര്‍.ടി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.
10 വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 2013 ജൂലൈ 16ന് സ്വകാര്യ സൂപ്പര്‍ക്ളാസുകള്‍ ദേശസാത്കരിച്ചത്. കരടു വിജ്ഞാപനം പുറപ്പെടുവിച്ച് ജനങ്ങളില്‍നിന്ന് പരാതികളും നിര്‍ദേശങ്ങളും സ്വീകരിച്ച ശേഷമാണ് നിയമം നടപ്പാക്കിയത്. ഈ നിയമം പരിഷ്കരിക്കണമെങ്കിലും സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍, ഇവയെല്ലാം ഒറ്റയടിക്ക് മറികടന്നാണ് ഗതാഗതവകുപ്പ് ഉത്തരവിറക്കാന്‍ ശ്രമിക്കുന്നത്. ഗതാഗതമന്ത്രിക്ക് മാത്രമേ ഇതേക്കുറിച്ച് വിശദമായി അറിയൂവെന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഹൈകോടതിയില്‍നിന്ന് അനുകൂല വിധി കിട്ടാന്‍ ഉതകുന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു മന്ത്രിയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം. സ്വകാര്യ സൂപ്പര്‍ ക്ളാസുകള്‍ ഏറ്റെടുക്കാന്‍ ആവശ്യമായ ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇല്ളെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. എന്നാല്‍, കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന കെ.എസ്.ആര്‍.ടി.സിയിലെ കോര്‍പറേറ്റ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിന്‍െറ മിനുട്സ് ഈ നിലപാടിന് കടകവിരുദ്ധമാണ്. എം.ഡി, സെക്രട്ടറി, അഞ്ച് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി യോഗം കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യത്തിലധികം സൂപ്പര്‍ക്ളാസ് ബസുകളും ജീവനക്കാരും ഉണ്ടെന്നും അതിനാല്‍ ജൂണില്‍ പെര്‍മിറ്റ് അവസാനിക്കുന്ന 93 സ്വകാര്യ ബസുകള്‍ ഏറ്റെടുക്കാമെന്നുമാണ് തീരുമാനിച്ചത്. എന്നിട്ടും ഇതില്‍ 50ഓളം ബസുകള്‍ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. ഫാസ്റ്റിന്‍െറ നിറംപൂശിയ ഡസന്‍ കണക്കിന് ബസുകള്‍ പല ഡിപ്പോകളിലും ഓര്‍ഡിനറി ബോര്‍ഡുവെച്ച് സര്‍വീസ് നടത്തുന്നുണ്ടെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ഡിനറി ബസ് സൂപ്പര്‍ക്ളാസ് സര്‍വീസാക്കുമ്പോള്‍ കൊള്ളലാഭമാണ് ഉടമകള്‍ക്ക് ലഭിക്കുന്നതെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2011 സെപ്റ്റംബറിലെ കണക്കുപ്രകാരം ഓര്‍ഡിനറി ബസ് ഒരു കി.മീ. ഓടിക്കാന്‍ 28.84 രൂപയായിരുന്നു ചെലവ്. അതേമാസം ഫാസ്റ്റ് ഓടിക്കാന്‍ 23.31 രൂപ മതി. അതായത് പ്രവര്‍ത്തന ചെലവില്‍ 5.53 രൂപ കുറവ്. 400 കി.മീ. ഓടുന്ന ഫാസ്റ്റിന് ഈ ഇനത്തില്‍ പ്രതിദിനം 2200 രൂപ അധികം കിട്ടും. യാത്രക്കൂലിയിലെ വര്‍ധനകൂടി കണക്കിലെടുക്കുമ്പോള്‍ 4000 രൂപയാണ് ഓര്‍ഡിനറിയെക്കാള്‍ കൂടുതല്‍ കിട്ടുന്നത്. മാസം 1.2 ലക്ഷം രൂപയുടെ ലാഭം. അഞ്ചു വര്‍ഷത്തെ പെര്‍മിറ്റ് കാലാവധി തീരുമ്പോള്‍ കൈയില്‍ കിട്ടുന്നലാഭം ശരാശരി 72 ലക്ഷം രൂപ. ഇത്രയും തുക സംരക്ഷിക്കാന്‍ രണ്ടു ലക്ഷം രൂപ കൈക്കൂലി നല്‍കിയാലും കുഴപ്പമില്ളെന്ന നിലപാടിലാണ് സ്വകാര്യ ബസുടമകള്‍.

No comments:

Post a Comment