തൊടുപുഴ: ഒരുകാലത്ത് പ്രകാശ് ബസ് എന്നുപറഞ്ഞാല്‍ ഇടുക്കി ജില്ലയുടെ ഗതാഗതസൗകര്യങ്ങളുടെ പര്യായമായിരുന്നു. പിന്നാക്ക ജില്ലയില്‍ യാത്രാസൗകര്യങ്ങള്‍ വളരെക്കുറവായിരുന്ന കാലം.അക്കാലത്താണ് പി.കെ.കൃഷ്ണന്‍ നായര്‍ 'പ്രകാശ്' എന്ന പേരില്‍ ബസ്സുകളുമായി രംഗത്തിറങ്ങിയത്. അങ്ങനെ അദ്ദേഹത്തെ നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം പ്രകാശ് കൃഷ്ണന്‍നായര്‍ എന്ന് വിളിച്ചുതുടങ്ങി. പ്രകാശ് ബസ്സുകള്‍ നിരത്തിലിറങ്ങിയിട്ട് ഇത് അറുപതാം വര്‍ഷം.
രാത്രികാലങ്ങളില്‍ രോഗംമൂലം ആസ്പത്രികളെ ആശ്രയിക്കേണ്ടവര്‍ക്കും പ്രകാശ് ബസ് ആശ്രയമായിരുന്നു. ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് അദ്ദേഹം കര്‍ശനനിര്‍ദ്ദേശം നല്‍കി. വെള്ളിയാമറ്റം എന്ന കുഗ്രാമത്തിലേക്ക് ആദ്യമായി വണ്ടിയോടിച്ചാണ് 1954ല്‍ കൃഷ്ണന്‍നായര്‍ ബസ് വ്യവസായരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പക്ഷേ, അതിനുമുമ്പ് കഷ്ടപ്പാടിന്റെ ഒരു കാലമുണ്ടായിരുന്നു. മൂവാറ്റുപുഴയില്‍ ഓടിയിരുന്ന ബി.ഐ.എസ്.(ബേബി മാസ്റ്റര്‍)ബസ്സുകളുടെ കണക്കപ്പിള്ളയായിരുന്നു കൃഷ്ണന്‍നായര്‍. ഇദ്ദേഹത്തിന്റെ മികവും ആത്മാര്‍ഥതയും കണ്ട ഉടമകള്‍ ഒരു ബസ് കൃഷ്ണന്‍നായര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു.
എന്നാല്‍, ആദ്യ ബസ് കൃഷ്ണന്‍ നായര്‍ വാങ്ങുകയായിരുന്നെന്നാണ് ഓര്‍മ്മയെന്ന് മകന്‍ ബാലചന്ദ്രന്‍ പറയുന്നു. എന്തായാലും 2829 വയസ്സില്‍ ഈ ബസ്സുമായി തൊടുപുഴയിലെത്തിയ അദ്ദേഹം കുഗ്രാമമായ വെള്ളിയാമറ്റത്തിന് ആദ്യ സര്‍വ്വീസ് തുടങ്ങി .രണ്ട് പങ്കാളികള്‍ കൂടിയുണ്ടായിരുന്നു. അധികം വൈകാതെ അവര്‍ പിരിഞ്ഞു. കഠിനാധ്വാനവും അക്ഷീണ പരിശ്രമവുംകൊണ്ട് ഒരു വലിയ സാമ്രാജ്യം അദ്ദേഹം പിടിച്ചടക്കുകയായിരുന്നു. 24 ബസ്സുകളായി സാമ്രാജ്യം വളര്‍ന്നു. 1964വരെ തൊടുപുഴയില്‍ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അദ്ദേഹം. 64ല്‍ ആനക്കൂട് കവലയില്‍ സ്വന്തമായി വീടു വച്ചു. തൊടുപുഴയില്‍ നിരവധി കെട്ടിടങ്ങളുണ്ടായി. ആദ്യകാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമാത്രമേ വാടകയ്ക്ക് കൊടുക്കുമായിരുന്നുള്ളൂ. അങ്ങനെയാണ് പല സര്‍ക്കാര്‍ ഓഫീസുകളും തൊടുപുഴയിലേക്കെത്തിയത്. ഫയര്‍ സ്‌റ്റേഷന് സ്ഥലം കൊടുത്തതും അദ്ദേഹം തന്നെ. തൊടുപുഴയിലും ചെറുതോണിയിലും പെട്രോള്‍ പമ്പുകള്‍ തുടങ്ങി. ഇടുക്കി മേഖലയിലെ ആദ്യ പമ്പായിരുന്നു ചെറുതോണിയിലേത്.
പ്രകാശ് എന്ന പേര്
എന്തുകൊണ്ടാണ് ബസ്സുകള്‍ക്ക് അദ്ദേഹം പ്രകാശ് എന്ന പേര് സ്വീകരിച്ചിരുന്നതെന്ന് ആര്‍ക്കും അറിയില്ല. മക്കളോട് ഒന്നും പറഞ്ഞിട്ടില്ല. പ്രകാശം പരത്തണം എന്ന ആഗ്രഹത്തിലാവണം ആ പേര് സ്വീകരിച്ചതെന്ന് കരുതുന്നു.പൊതുവെ ഇത്തരം കാര്യങ്ങള്‍ വീട്ടിലോ കൂട്ടുകാരോടോ പറയുന്ന കൂട്ടത്തിലായിരുന്നില്ല കൃഷ്ണന്‍ നായര്‍.മിതഭാഷിയായിരുന്നു.വീട്ടില്‍ വലിയ കര്‍ശനക്കാരനായിരുന്നില്ല.മക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നു.
അവരുടെ വഴികള്‍ സ്വയം തിരഞ്ഞെടുക്കണമെന്ന നിലപാടുകാരനായിരുന്നു.ഒന്നും അടിച്ചേല്‍പ്പിച്ചില്ല.രാവിലെ മക്കള്‍ എഴുന്നേല്‍ക്കുംമുമ്പുതന്നെ കൃഷ്ണന്‍നായര്‍ പോയിരിക്കും.ദീര്‍ഘകാലം സ്വകാര്യ ബസ്സുടമകളുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു.അതിന്റെ തിരക്കുകളുമായി എന്നും യാത്രയായിരുന്നുവെന്ന് മക്കളായ ബാലചന്ദ്രനും വിജയകൃഷ്ണനും ഓര്‍ക്കുന്നു.
എല്ലാ രംഗത്തും വ്യക്തിമുദ്ര
സ്‌പോര്‍ട്‌സ്,കാര്‍ഷിക മേഖലകളിലും അദ്ദേഹത്തിന് വലിയ താല്പര്യമുണ്ടായിരുന്നു.1977ല്‍ ജില്ലയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയതു മുതല്‍ ആജീവനാന്ത അംഗമായിരുന്നു അദ്ദേഹം.അന്ന് 5000 രൂപ കൊടുത്താണ് അംഗത്വമെടുത്തത്.വേറെ മൂന്നുപേര്‍കൂടി അന്ന് ആജീവനാന്ത അംഗത്വമെടുത്തു.എം.എസ്.വിശ്വംഭരന്‍,ആര്‍.കൃഷ്ണസ്വാമി,എം.എം.ജോസഫ് മണര്‍കാട് എന്നിവര്‍.ഇവരെല്ലാം നേരത്തെ മരിച്ചു.അവസാന കണ്ണിയും ഇപ്പോള്‍ യാത്രയായി.1979 ല്‍ തൊടുപുഴയില്‍ ദേശീയ ഡിപ്പാര്‍ട്ടുമെന്റല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുമ്പോള്‍ സംഘാടക സമിതി രക്ഷാധികാരിയായിരുന്നു കൃഷ്ണന്‍ നായര്‍.കെ.ജി.ഗോപാലകൃഷ്ണന്‍ നായരായിരുന്നു ചെയര്‍മാന്‍.2008ല്‍ പുതിയ ആക്ട് വന്നതോടെ ആജീവനാന്ത അംഗത്വ സമ്പ്രദായം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവസാനിപ്പിച്ചു.അതുവരെ എല്ലാ വാര്‍ഷിക പൊതുയോഗങ്ങളിലും അദ്ദേഹം കൃത്യമായി പങ്കെടുത്തിരുന്നു.ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷികമേളകളുടെ മുഖ്യ രക്ഷാധികാരിയായിരുന്നു അദ്ദേഹം.