Tuesday, July 22, 2014

സ്വകാര്യബസ് ലോബിക്കായി ഗതാഗതമന്ത്രി ഒത്തുകളിച്ചു




തിരു: സൂപ്പര്‍ക്ലാസ് റൂട്ടുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത ദേശസാല്‍ക്കരണ ഉത്തരവ് പുതുക്കി സമര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു കാരണം ഗതാഗതമന്ത്രിക്കുമേലുള്ള സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദം. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സഹായകമാകുമെന്ന് സര്‍ക്കാര്‍തന്നെ ചുണ്ടിക്കാട്ടിയാണ് സൂപ്പര്‍ ക്ലാസ് സര്‍വീസ് ദേശസാല്‍കരണം.


എന്നാല്‍, സ്വകാര്യ ബസ് ലോബിക്കായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് അട്ടിമറിച്ചു. മന്ത്രി ഇടപെട്ട് ദേശസാല്‍ക്കരണം മരവിപ്പിക്കുകയും സൂപ്പര്‍ക്ലാസ് റൂട്ടുകളില്‍ സ്വകാര്യ ബസുടമകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കണമെന്ന് ഉത്തരവിറക്കാന്‍ വകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിക്കുകയുംചെയ്തു. നിലവിലുള്ള ദേശസാല്‍ക്കരണ ഉത്തരവ് പുതുക്കണമെന്ന്് കെഎസ്ആര്‍ടിസി എംഡിയോട് നിര്‍ദേശിച്ച് ഉത്തരവും ഇറക്കി.

വടക്കന്‍ മേഖലയിലെ സ്വകാര്യ സര്‍വീസുകള്‍ നിയന്ത്രിക്കുന്നത് കോട്ടയം ലോബിയാണ്. തെക്കന്‍ മേഖലയില്‍ കൊട്ടാരക്കരയില്‍ ഭരണമുന്നണിയിലെ ഒരു ഘടകകക്ഷി നേതാവിന്റെ ബന്ധുവിന് 48 സ്വകാര്യ സര്‍വീസുണ്ട്. ഇതെല്ലാം ദീര്‍ഘദൂര സര്‍വീസുകളാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് മറ്റൊരു ലോബിയും പ്രവര്‍ത്തിക്കുന്നു. ദേശസാല്‍ക്കരണ റൂട്ടുകള്‍ നഷ്ടപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, സ്വകാര്യ ബസ് ലോബിക്കുവേണ്ടി വാദിക്കാന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് സഭയില്‍ ശക്തമായി രംഗത്തെത്തി.

പുതിയ ഉത്തരവിലൂടെ ചമ്രവട്ടം പാലം ദേശസാല്‍ക്കരണമടക്കം ഇല്ലാതാക്കുന്നതില്‍ വലിയ ദുരൂഹതയുണ്ട്. കെഎസ്ആര്‍ടിസി 70ല്‍പരം പുതിയ സര്‍വീസ് ആരംഭിച്ച ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റിനായി നല്‍കുന്ന അപേക്ഷ അനുവദിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. ദേശസാല്‍ക്കരിച്ച പൊന്നാനി-ചമ്രവട്ടം പാലം-ചേളാരി റൂട്ടില്‍ 47 കിലോമീറ്ററുള്ളതില്‍ 20 കിലോമീറ്ററില്‍ നിലവില്‍ സ്വകാര്യ ബസ് സര്‍വീസുണ്ട്. എന്നിട്ടും ഈ റൂട്ടില്‍ 10 സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ്് നല്‍കാനുള്ള നിര്‍ദേശം ദുരൂഹമാണ്്.

സൂപ്പര്‍ ക്ലാസ് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ബസില്ലെന്ന ന്യായമാണ് പുതിയ ഉത്തരവിലുള്ളത്. എന്നാല്‍, 2012ല്‍ ദേശസാല്‍ക്കരണ പദ്ധതി നടപ്പാക്കിയപ്പോള്‍ പുതുതായി 300 ബസുകള്‍ നീക്കിവച്ചിരുന്നു. റിസര്‍വ് ബസായും, അഡീഷണല്‍ റിസര്‍വ് ബസായും വച്ചിരുന്നതാണിവ. ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവായതിനാല്‍ സര്‍വീസ് ആരംഭിക്കാനായില്ല. ഈ ബസുകള്‍ ഇപ്പോഴും സര്‍വീസിന് ലഭ്യമാണ്. ഒപ്പം ദേശസാല്‍കൃത റൂട്ടുകള്‍ക്കടക്കം ആവശ്യങ്ങള്‍ നിറവേറ്റാനാണ് 1500 പുതിയ ബസിന് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ജന്‍റം ബസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനിക്ക് 400 ബസ് കേന്ദ്രം ഉടന്‍ അനുവദിക്കും.

ഇതില്‍ 200 ബസ് ലോകോത്തര നിലവാരമുള്ള ശീതീകരിച്ച ബസാണ്. സൂപ്പര്‍ ക്ലാസ് ദേശസാല്‍ക്കരണ ഉത്തരവ് പിന്‍വലിച്ചാല്‍ ഈ സര്‍വീസുകളെല്ലാം നഷ്ടത്തിലാവുകയും കോര്‍പറേഷന്റെ പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കപ്പെടുകയും ചെയ്യും.
- See more at: http://www.deshabhimani.com/newscontent.php?id=484294#sthash.bRLX7LMB.0pdOvB4p.dpuf

No comments:

Post a Comment